എനിക്കുവേണ്ടാ ശവപുഷ്പങ്ങൾ, ഔദ്യോഗിക ബഹുമതിയും -സുഗതകുമാരി
June 13, 2019
തിരുവനന്തപുരം: മരണാനന്തരം തനിക്ക് ആദരവൊന്നും വേണ്ടെന്ന് സുഗതകുമാരി.
മരണശേഷം ഒരുപൂവും എന്‍റെ ദേഹത്തുവെക്കരുത്. സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനിൽക്കാതെ എത്രയുംവേഗം ശാന്തികവാടത്തിൽ ദഹിപ്പിക്കണം.
സമയമായെന്ന തോന്നലിലാണ് കവിതയെയും പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്ന ഈ പോരാളിയുടെ തുറന്നുപറച്ചിൽ. അടുത്തിടെയുണ്ടായ രണ്ടാമത്തെ ഹൃദയാഘാതം അത്രമേൽ ക്ഷീണിതയാക്കിയെന്ന് അവർ പറയുന്നു. ഇപ്പോൾ നന്ദാവനത്തെ വീട്ടിൽ വിശ്രമത്തിലാണ്. പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ഹൃദയമിടിപ്പ്.
ഈ അവശതയിലും മനസ്സ് തളർന്നിട്ടില്ല. നിരാലംബർക്കുവേണ്ടി താൻ സ്ഥാപിച്ച ‘അഭയ’യുടെ കാര്യങ്ങൾ നോക്കാൻ, യാത്രവയ്യെങ്കിലും ഫോണിന്‍റെ മറുതലയ്ക്കൽ അവരുടെ പ്രിയപ്പെട്ട ടീച്ചറമ്മ ഉണർന്നിരിക്കുന്നു.
ജീവിച്ചിരുന്നപ്പോൾ ഒരുപാട് ബഹുമതികൾ കിട്ടി, അർഹമല്ലാത്തതുപോലും. ഇനി തനിക്ക് ആദരവിന്‍റെ ആവശ്യമില്ലെന്ന നിശ്ചയത്തിലാണവർ. കവിതയിലും ജീവിതത്തിലും പുലർത്തിയ അതേ നിർഭയത്വത്തോടെ അവസാനകാലത്തെ അവർ മുഖാമുഖം കാണുന്നു.
‘‘ഒരാൾ മരിച്ചാൽ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തിൽ മൂടുന്നത്. ശവപുഷ്പങ്ങൾ. എനിക്കവ വേണ്ട. മരിച്ചവർക്ക് പൂക്കൾ വേണ്ട. ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സ്നേഹം തരിക. അതുമാത്രംമതി.
മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് സുഗതകുമാരി ഒസ്യത്തിൽ എഴുതിവെച്ചിട്ടുണ്ട്. മരിക്കുന്നത് ആശുപത്രിയിലാണെങ്കിൽ എത്രയുംവേഗം അവിടെനിന്ന് വീട്ടിൽക്കൊണ്ടുവരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തിൽ ആദ്യംകിട്ടുന്ന സമയത്ത് ദഹിപ്പിക്കണം. ആരെയും കാത്തിരിക്കരുത്. പോലീസുകാർ ചുറ്റിലുംനിന്ന് ആചാരവെടി മുഴക്കരുത്.
‘മഹാകവിയെ കൊണ്ടുകിടത്തി. ചുറ്റും പോലീസ് നിരന്നുനിന്നു. ആകാശത്തേക്കു വെടിവെച്ചു. ആകാശം താഴെവീണു’- ആചാരവെടിയെക്കുറിച്ച് വി.കെ.എൻ. ഇങ്ങനെയെഴുതിയതോർത്തവർ ചിരിച്ചു.
‘‘ശാന്തികവാടത്തിൽനിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട. പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവർക്ക് ആഹാരം കൊടുക്കാൻ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരക പ്രഭാഷണങ്ങളോ ഒന്നും വേണ്ട’’- സുഗതകുമാരി പറഞ്ഞു.
No comments:
Post a Comment